Monday 30 January 2017

ചോക്കുപൊടി

        തലമുറകളുടെ കാലടികൾ പതിഞ്ഞു കിടക്കുന്ന ആ ഇടനാഴിയിലൂടെ ഞാൻ വീണ്ടും നടന്നു. പടി കയറുമ്പോൾ വലിയ ശബ്ദമുണ്ടാകുന്ന, തടിയിൽ തീർത്ത ഒരു ഗോവണി ഉണ്ട് അവിടെ. വർഷങ്ങൾക്കു  മുൻപ് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശബ്ദം. അവിടെ നിന്ന് കണ്ടിരുന്ന മഴയ്ക്ക് വല്ലാത്തൊരു സൗന്ദര്യം ഉണ്ടായിരുന്നു, ഞങ്ങളെപ്പോലെ.

     വേരിനിടയിൽ മഷിത്തണ്ടുകൾക്ക് ഇടം ഒരുക്കിയിരുന്ന,സദാ പക്ഷികൾ വിരുന്നെത്തിയിരുന്ന, ഒരിക്കൽപ്പോലും ഞാൻ പേരറിയാൻ ശ്രമിക്കാതിരുന്ന കുറെ മരങ്ങളെ തപ്പിയിറങ്ങി,കണ്ടില്ല.
കുറേയേറെക്കാലം ഞങ്ങൾക്ക് ജനാലയിലൂടെ മാത്രം ലഭ്യമായിരുന്ന ഇത്തിരി കാഴ്ചയിൽ അകത്തെ വിസ്മയം ഒളിപ്പിച്ച, എപ്പോഴും  ആസിഡ് മണക്കുന്ന ലാബ്.അവിടെ ഞാൻ തട്ടിപ്പൊട്ടിച്ച കോണിക്കൽ ഫ്ലാസ്ക്കിൻറ്റെ ചില്ലുകൾ ആരോ പെറുക്കി കളഞ്ഞിരിക്കുന്നു. അത് ഞാനവിടെ മനഃപൂർവ്വം ഇട്ടിരുന്നതാണെന്നു അവർക്കു മനസ്സിലായില്ലല്ലോ, കഷ്ടം.

       ലൈബ്രറിയിൽ നിന്നും പഴമയുടെ ഗന്ധവും കൂടി തൂത്തുകളഞ്ഞിട്ടാണ് മേരി ചേച്ചി പോയതെന്ന് തോന്നുന്നു.

       മുൻവാതിലുകൾ തുറന്നുകിടന്നിരുന്നിട്ടും ഇടത്തെ വാതിലിലൂടെ പള്ളിയിലേക്ക് കേറി, അതായിരുന്നു ശീലം. പരീക്ഷയിൽ ജയിക്കാൻ വേണ്ടി പുറത്തെ ചുവരിൽ കുട്ടികൾ ഇപ്പോഴും ആരും കാണാതെ പ്രാർത്ഥനകൾ എഴുതിക്കൊണ്ടിരിക്കുന്നു.

     ഞാൻ ചെവിയിൽ പിടിച്ചുവലിച്ചത് ഇഷ്ടപ്പെടാതെ  തൻറ്റെ പുറത്തു നിന്ന് തള്ളിയിട്ട് എന്നെ മുറിപ്പെടുത്തിയ 'തടി'യൻ  കുതിര ഒരു കാലൊടിഞ്ഞ് നേഴ്‌സറിയുടെ മൂലയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ചിരി വന്നു. പിന്നീടോർത്തു അന്ന് അമ്മ എന്റ്റെ കാലിൽ പുരട്ടിത്തന്ന മുറിവെണ്ണ  ബാക്കിയുണ്ടാകുമോ എന്തോ.

     ബാക്കി വന്ന ഭക്ഷണം ഒളിപ്പിച്ചുകളയുന്ന കുട്ടികളെ പിടികൂടി വഴക്കുപറയാൻ സുശീലൻ മാമൻ എത്തിയില്ല. ആ ഘനഗാംഭീര്യശബ്ദത്തെ പേടിച്ച് താഴെവീണ ഇത്തിരി വറ്റുകൾ കൂടി ആർത്തിയോടെ കഴിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു പണ്ട് ഇവിടെ.

     വാട്ടർ ടാങ്ക് നിറഞ്ഞു കളഞ്ഞിട്ടും മോട്ടർ ഓഫ് ചെയ്യാൻ സെബാസ്ററ്യൻ അങ്കിളും വന്നില്ല. ഒരു തരത്തിൽ അത് നന്നായി. IV C-യിലെ പുറകിലെ ബെഞ്ചിലിരുന്ന് ടീച്ചറുടെ കണ്ണുവെട്ടിച്ചു നോക്കിയാൽ വെള്ളത്തുള്ളികൾ ചുമരിൽ തട്ടി ചിന്നിച്ചിതറി ഒരുപാട് 'മഴവില്ലുകുഞ്ഞുങ്ങ'ൾക്ക് ജന്മം നൽകുന്നത് കാണാനാകും.ചിലപ്പോഴെല്ലാം ഞങ്ങളുടെ മഴവില്ലുകളെ വെള്ളത്തുള്ളികളുടെ ഉദരത്തിൽ വച്ചുതന്നെ സെബാസ്ററ്യൻ അങ്കിൾ കൊന്നുകളയും.

     ഉച്ചയുറക്കത്തിന്  'അടുക്കി' കിടത്തിയിരുന്ന നേഴ്‌സറി പിള്ളേർ ടീച്ചറുടെ വഴക്കുപ്പേടിച്ച് ഉറക്കം അഭിനയിച്ച് അസ്വസ്ഥരാവുന്നു. ക്ലാസ്സിലിരുന്ന് നമ്മളൊന്ന് ഉറങ്ങികിട്ടാൻ അധ്യാപകർ ഇത്രത്തോളം നിർബന്ധിക്കുന്ന ഒരേയൊരിടം ജീവിതത്തിൽ ഇവിടം മാത്രമാണെന്ന് തിരിച്ചറിയാൻത്തക്ക വിവരം ഇവർക്കില്ലല്ലോ, പാവങ്ങൾ.എല്ലാം അറിയുമ്പോഴേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാകും.

     I C-ക്ലാസ് മുറിയിൽ യക്ഷിയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചിരുന്ന രണ്ടാം ക്ലാസ്സുകാരായ സീനിയേഴ്സ് ഇപ്പൊ എവിടെ ആയിരിക്കും ? വല്ല ചെകുത്താനും പിടിച്ചിട്ടുണ്ടാകുമോ അവരെ ??? അടുത്ത വീട്ടിലെ അടുക്കളയിൽ അടുപ്പെരിഞ്ഞിരുന്ന കാലത്തോളം പിൻതലമുറകൾ ആ പുകയിൽ യക്ഷിയേയും ക്ലാസ്സിൽ ചോരത്തുള്ളികളെയും തെരഞ്ഞുകൊണ്ടേയിരുന്നു .

     സ്റ്റാഫ് റൂമിൽ ചില ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നു, എന്നന്നേക്കുമായി ...വലതുവശത്തെ ആദ്യ മേശവിരിപ്പിനടിയിൽ ഈന്തപ്പഴം ഉണ്ടാകുമെന്നു അറിയാമായിരുന്നു. പക്ഷെ എടുത്തു കഴിക്കാൻ ശ്രമിച്ചില്ല. ഒരു ഈന്തപ്പഴത്തിനുള്ള ഇടം എന്നും എൻറ്റെ ഉള്ളിൽ ഒഴിഞ്ഞുകിടപ്പുണ്ട്.

      ചോള രാജാക്കന്മാരുടെ പേര് മറന്നുപോയ കുട്ടികൾ ജയ ടീച്ചറുടെ അടികാത്ത് നിൽക്കുന്നത് പ്രതീക്ഷിച്ചാണ് IX E-യിലെത്തിയത്. പക്ഷെ ആരെയും കണ്ടില്ല. ചൂരലൊളിപ്പിച്ചു വച്ചിരുന്ന ഡെസ്‌ക്കുകളും കണ്ടില്ല; സ്വയം വരച്ച വൃത്തത്തിനുള്ളിലൊതുങ്ങി എന്നന്നേക്കുമായി വളഞ്ഞുപോയ കോമ്പസും കണ്ടില്ല;കൂട്ടുകാരിയുടെ സ്നേഹം അളന്നെടുക്കാൻ പൊട്ടിച്ചെറിഞ്ഞ വളപ്പൊട്ടുകളും കണ്ടില്ല; ഉണ്ടായിരുന്നത് കുറച്ചു ചോക്കുപൊടി മാത്രം.



No comments:

Post a Comment